Wednesday 30 May, 2007

എന്റെ മിമിക്രി നാളുകള്‍...

ഒരുപാട്‌ ദിവസങ്ങള്‍ എന്റെ ഉറക്കം കെടുത്തിയ ഒരു സംഭവം ഞാന്‍ കുറിക്കട്ടെ. ഇത്‌ അബദ്ധമാണോ എന്നു നിങ്ങള്‍ തന്നെ തീരുമാനിക്കുക... ഇപ്പോള്‍ ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാറുണ്ടെങ്കിലും എനിക്കിപ്പൊഴും ആ സംഭവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇതു പറയുന്നതിനു മുന്‍പ്‌ ഒരു എപ്പിസൊഡ്‌ ഫ്ലാഷ്‌ ബാക്ക്‌ ബ്ലാക്‌ & വൈറ്റില്‍.

നാട്ടില്‍, ഞങ്ങളുടെ സ്വന്തം നാട്ടിലെ ക്ലബ്ബില്‍ ഞനുള്‍പ്പെടുന്ന ഒരു ഫുഡ്ബോള്‍ ടീമുണ്ട്‌. ഫുഡ്ബോള്‍ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടേ പ്രധാന പണി ക്രിസ്തുമസ്സിന്‌ കരോള്‍ പാടുകയാണ്‌. അതുകഴിഞ്ഞാല്‍പ്പിന്നെ ക്ലബ്ബിന്റെ വാര്‍ഷികമായി. എല്ലാ വര്‍ഷവും, ഏതെങ്കിലും ഒരു പ്രൊഫെഷണല്‍ ട്രൂപ്പിന്റെ നാടകവും, മിമിക്സും കാണൂം. അങ്ങനെ വര്‍ഷങ്ങള്‍ അടര്‍ന്നു വീണുകൊണ്ടിരുന്നു.

ഒരിക്കല്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു ഞങ്ങളില്‍ പലരുടേയും ഉള്ളില്‍ കൊച്ചു കൊച്ചു കലാകരന്മാര്‍ ഒളിച്ചേ കണ്ടേ കളുക്കുന്നു എന്ന കാര്യം. അപ്പോള്‍പ്പിന്നെ ഞങ്ങള്‍ക്കെന്ത ഒരു ട്രൂപ്‌ തുടങ്ങിയാല്‍ ഞങ്ങളുടേ തലപുകഞ്ഞു... അങ്ങനെ പാപ്പി സണ്ണിയും, മച്ചാന്‍ സുധീറും, പൂക്കളം അനീഷും, റേഷന്‍കട അഷറഫും, പിന്നെ ഞാനും (എനിക്ക്‌ സര്‍ നെയിം ഇല്ല) കൂടി നൊന്ത്‌ പ്രസവിച്ചു; നല്ലൊന്നാന്തരം ഒരു ചോരക്കുഞ്ഞിന്നെ. ഞങ്ങളതിനു ഇരുപത്തെട്ടുകെട്ടി കാതില്‍ പേരു ചൊല്ലി വിളിച്ചു "ശ്രീരഞ്ചിനി മിമിക്സ്‌....ശ്രീരഞ്ചിനി മിമിക്സ്‌....ശ്രീരഞ്ചിനി മിമിക്സ്‌...."
***********************

സീന്‍ നമ്പര്‍ ഒന്ന്.

മിമിക്സ്‌ പരേഡ്‌ ആയാല്‍ സ്കിറ്റ്‌ വേണ്ടേ??? ആരു സ്കിറ്റ്‌ എഴുതും??? ഞങ്ങള്‍ കൂലംകക്ഷമായി ചിന്തിച്ചു...ഒരു രാത്രിയില്‍ ഒഴിഞ്ഞ കുപ്പികളെ സാക്ഷി നിര്‍ത്തി ഞങ്ങള്‍ ഒരാളെ ഇതിനായി തിരഞ്ഞെടുത്തു..അതു മറ്റാരുമല്ല..ഞാന്‍..ഞാന്‍ തന്നെ...

ട്രൂപ്പുണ്ടാക്കി ആദ്യത്തെ ബുക്കിംഗ്‌ കിട്ടി ഞങ്ങളുടെ ക്ലബ്ബിന്റെ വക തന്നെ....1992 ഫെബ്രുവരി 12-ന്‌ രാത്രി 8 മണിക്ക്‌ മിമിക്രി അവതരിപ്പിക്കാന്‍....സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ ഞാനിപ്പോള്‍ മേലോട്ടു വലിഞ്ഞുകേറും എന്ന അവസ്ഥ. അങ്ങനെ ഫുള്‍ ബോട്ടിലുകളെ കാലിയാക്കി, കണ്ണൂര്‍ വില്‍സിന്റെ (ദിനേശ്‌ ബീഡി) ഒഴിഞ്ഞ കൂടുകള്‍ നാണമില്ലാതെ നോക്കി നില്‍ക്കെ ഞങ്ങള്‍ നാലുപേരും രാവുപകലാക്കി ഇരുന്നു തിരക്കഥ രചിച്ചു.

സിനിമാ താരങ്ങളെ അനുകരിക്കുന്ന ഒരു പരിപാടി ഉണ്ടല്ലൊ അതിനും ആളുവേണ്ടേ?? ഞങ്ങള്‍ ഒറോരുത്തരും അവരവര്‍ക്ക്‌ താങ്ങാന്‍ പറ്റുന്നതും അഭിരുചിക്കനുസരിച്ചുമുള്ള ഓരോ താരങ്ങളെ അവതരിപ്പിക്കാമെന്നേറ്റു...ഞാന്‍ ഏറ്റത്‌ ശ്രീനിവാസന്‍, കൃഷ്ണന്‍കുട്ടി നായര്‍ എന്നിവരെ അവതരിപ്പിക്കനാണ്‌. (അക്കാലത്ത്‌ എന്റെ ശരീരപ്രകൃതിയനുസരിച്ച്‌ ഇവരെ അവതരിപ്പിക്കാനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ).

ഞങ്ങള്‍ കാത്തിരുന്ന ആ ദിവസം വന്നെത്തി ഫെബ്ബ്രുവരി 12, ഞങ്ങള്‍ക്കു തന്നിരിക്കുന്ന സമയം രാത്രി എട്ട്‌ മുതല്‍ പത്തര വരെ...കൃത്യം പത്തരയ്ക്കു തന്നെ തീര്‍ക്കണേ..ക്ലബ്ബിന്റെ സെക്രട്ടറി പറഞ്ഞു...എന്താ ഇത്ര സംശയം പത്തേകാലിനു തന്നെ തീര്‍ത്തേക്കാം... (ഞങ്ങള്‍ വിനയാന്വിതരായി)...രാത്രി ഏഴേമുക്കാലിനു ഇത്തിരി ഇന്ധനമൊക്കെ നിറച്ചിട്ട്‌ (അതില്ലെങ്കില്‍ കാലു വിറയ്ക്കും...സഭാകമ്പം മൂലമാണേ) സമയം എട്ട്‌; അണിയറയില്‍ ഞങ്ങള്‍ റെഡി. ഞാന്‍ ഇന്ധനത്തിനെ ശക്തിയില്‍ കര്‍ട്ടന്റെ പിന്നില്‍ നിന്ന്‌ ഒരു വിധത്തില്‍ ചെറിയൊരു അനൗണ്‍സ്‌മന്റ്‌ നടത്തി.

ഞങ്ങളെല്ലാവരും സംഗീതമൊക്കെയിട്ട്‌ കര്‍ട്ടണ്‍ പൊക്കി. പരിപാടികള്‍ തുടങ്ങി...അതുവരെ ഞങ്ങളെ പന്തുകളിക്കുന്ന പീറപ്പയ്യന്മാരായി കണ്ടിരുന്നവര്‍ കൈയ്യടിച്ചും, വിസിലടിച്ചും പ്രോല്‍സഹിപ്പിച്ച്‌ ഞങ്ങളിലെ ഉറങ്ങിക്കിടക്കുന്ന കലാകാരന്മാറെ ഉണര്‍ത്തി. അതുവരെ ഞങ്ങളില്‍ ഉറങ്ങിക്കിടന്നിരുന്നകലാകരന്മാര്‍ ഉണര്‍ന്ന് സ്റ്റേജില്‍ കാണികളെ രസിപ്പിച്ചു കൊണ്ടിരുന്നു...നാട്ടുകാരുടെ പ്രോല്‍സാഹനത്തില്‍ സമയം പോയതറിഞ്ഞില്ല..

ശ്‌.ശ്‌..ശ്‌..പാമ്പ്‌ ചീറ്റുന്നതുപോലുള്ള ശബ്ദം..ഞാന്‍ നോക്കിയപ്പോള്‍ കര്‍ട്ടന്‍ വലിക്കുന്നവന്റെ അടുത്ത്‌ നിന്ന് ഒരു സംഘാടകന്‍ എന്നെ വിളിക്കുന്നു...ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറയുകയാണ്‌ സമയം പത്തര ആയി നിര്‍ത്തിയില്ലെല്‍ കര്‍ട്ടന്‍ താഴ്ത്തുമെന്ന്...ഞാനത്‌ സണ്ണിയോട്‌ പരഞ്ഞു...അവനാണേല്‍ ആള്‍ക്കാര്‍ പറഞ്ഞിട്ടെ നിര്‍ത്തുകയുള്ളൂ എന്നൊരു വാശിയും (നല്ല വാറ്റാണേ അകത്തു കിടക്കുന്നത്‌). ഒടുവില്‍ അത്‌ സംഭവിച്ചു....പരിപാടി തീരും മുന്‍പേ സംഘാടകര്‍ കര്‍ട്ടന്‍ താത്തു...
**************************

സീന്‍ നമ്പര്‍ രണ്ട്‌...

ക്ലബ്ബിന്റെ വാര്‍ഷികത്തിന്റെ പിറ്റേന്ന് ഞങ്ങളെക്കാണാന്‍ കൊയ്നാട്‌ എന്ന സ്ഥലത്തു നിന്നും മൂന്നുപേര്‍ വരുന്നു... ഞങ്ങളുടെ നാട്ടില്‍ നിന്നും ഏക്ദേശം 5 കി.മി. ദൂരെയുള്ള സ്ഥലം, പട്ടിക്കാടാണ്‌... നല്ല വഴിയില്ല...വൈദ്യുതിയില്ല....ബൈജുമാഷിന്റെ നാടുപോലെ, അങ്ങനെ ഇല്ലായ്മകള്‍ ഏറെയുള്ള സ്ഥലം (എന്റെ നാടും ഇതുപോലെതന്നെയാണേ...)

"ഞങ്ങളുടെ അമ്പലത്തിലെ ഉത്സവമാണ്‌ ഫെബ്രുവരി 15-ന്‌ നിങ്ങളുടെ മിമിക്സ്‌ വേണമെന്നാണ്‌ തീരുമാനിച്ചിരിക്കുന്നത്‌... ഇന്നലെ അവതരിപ്പിച്ചതുപോലെ വേണം. അടിപൊളിയാക്കണം..." വന്നവരിലൊരാള്‍ മൊഴിഞ്ഞു...

"അത്‌...അത്‌...ഇത്ര പെട്ടെന്നിങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ...റിഹേഷ്സലിനു പോലും സമയമില്ല...." മനസ്സില്‍ സന്തോഷമുണ്ടായിരുന്നെങ്കിലും അത്‌ പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു.

"സാരമില്ലന്നേ...വേറെയും പരിപാടികളുണ്ട്‌..അതു തുടങ്ങുന്നതുവരെ ആളുകളെ ഒന്നടക്കിയിരുത്തണം...എന്തെങ്കിലുമൊക്കെ കാണിച്ചാല്‍ മതി..ഇതാ അഡ്വാന്‍സ്‌..." (ഒരാള്‍ കുറച്ചു കാശു തന്നു..എത്രയാണെന്നു മാത്രം ചോദിക്കരുതെ).

ചക്രമല്ലേ...മനുഷ്യനല്ലേ...വാങ്ങാതിരിക്കുമോ? ഞാനതുവാങ്ങിയപ്പോള്‍ അതിലൊരാള്‍ പറഞ്ഞു...."ബാക്കി പരിപാടി കഴിഞ്ഞിട്ട്‌ തരാം.." ഈശ്വരാ..ഞങ്ങള്‍ മനസ്സില്‍പ്പോലും വിചാരിക്കാതിരുന്നപ്പോള്‍ നീയായിട്ടു തന്ന ബുക്കിംഗ്‌.. പൈസ ഇല്ലെങ്കിലും സാരമില്ല...പരിപാടി നടത്താന്‍ ഒരവസരം തന്നല്ലോ....ഇനി ഒരു ദിവസം മാത്രം...ഞാന്‍ മനസ്സിലോര്‍ത്തു. ഏതുപരിപാടി അവതരിപ്പിക്കും ഞങ്ങള്‍ പിന്നേയും തലപുകച്ചു..ഒടുവില്‍ തീരുമാനമായി...ഇപ്പോള്‍ കൈയ്യിലുള്ളതു തന്നെ അവതരിപ്പിക്കാം...

അങ്ങനെ 15-ന്‌ വൈകിട്ട്‌ ഞങ്ങള്‍ പറഞ്ഞിരുന്ന അമ്പലത്തിലെത്തി...സംഘാടകര്‍ ഞങ്ങളെ 'അകമഴിഞ്ഞ്‌' സ്വീകരിച്ചു...കൊലച്ചോര്‍ എന്ന് വിളിക്കാവുന്ന കപ്പയും മീനും, കഴിച്ചപ്പോഴേക്കും പരിപാടി തുടങ്ങാന്‍ സമയമായി..ഞങ്ങള്‍ കൊണ്ടുവന്നിരുന്ന നല്ല ഒന്നാന്തരം നാടന്‍ ഇന്ധനം നിറച്ചിട്ട്‌ തട്ടേല്‍ കേറി...ദൈവത്തെ വിളിച്ച്‌ പരിപാടി തുടങ്ങി...എല്ലാവരും കൈയ്യടിച്ചു പ്രൊല്‍സാഹിപ്പിച്ചു... ഞങ്ങള്‍ കരുതി എത്ര നല്ല നാട്ടുകാര്‍.... എത്ര നല്ല സ്വീകരണം... എത്ര നല്ല പ്രോല്‍സാഹനം...

ഒരു പതിനഞ്ചു മിനിട്ട്‌ കഴിഞ്ഞപ്പോള്‍ അവിടുത്തെ 6 മുതല്‍ 60 വയ്സ്സുവരെയുള്ള ആള്‍ക്കാര്‍ കൂവാന്‍ തുടങ്ങി...സാരമില്ലെന്ന് മനസ്സില്‍ പറഞ്ഞ്‌ പരിപാടി തുടര്‍ന്നു....45 മിനിട്ട്‌ കഴിഞ്ഞില്ല...അന്നുവരെ സിനിമയിലും, വായിച്ചും മാത്രം അറിവുള്ള ഒരു സംഭവം നടന്നു...

ആദ്യം സ്റ്റേജില്‍ വന്നു വീണത്‌ ഒരു കപ്പത്തണ്ട്‌...അതുകഴിഞ്ഞ്‌ ചാണകം തുണിയില്‍ കെട്ടിയത്‌... രംഗം പന്തിയല്ല ഞങ്ങള്‍ പിറകോട്ടു മാറി...അപ്പോള്‍ കാണികള്‍ക്ക്‌ ആവേശം.... ഞങ്ങള്‍ക്ക്‌ മനസ്സിലായി അവര്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയായിരുന്നെന്ന്...പെട്ടെന്ന് കര്‍ട്ടന്‍ താന്നു...

ഞങ്ങള്‍ അണിയറയില്‍ വന്ന് സംഘാടകരോട്‌ കാര്യം ചോദിച്ചു...അവരുടെ വായില്‍ നിന്നു വീണ മണിമുത്തുകള്‍ കേട്ട്‌ ഞങ്ങള്‍ ഞെട്ടി....കാര്യമിതാണ്‌.. ഞങ്ങളുടെ ക്ലബ്ബില്‍ പരിപാടി നടത്തിയപ്പോള്‍ ആ നാട്ടുകാരെല്ലാവരും തന്നെ അതു വന്നു കണ്ടിരുന്നു... അവര്‍ക്കു വേണ്ടത്‌ വേറെ പരീക്ഷണങ്ങളായിരുന്നു... ഇപ്പോള്‍ കാണിച്ചിരുന്നതെല്ലാം നേരത്തേ അവര്‍ കണ്ടിട്ടുള്ളതാണല്ലോ.... ആകെ ഒരു പ്രോഗ്രാമിനുമാത്രമുള്ളത്‌ പഠിച്ച ഞങ്ങള്‍ ഇവിടെ വേറെ എന്തവതരിപ്പിക്കാനാണ്‌... നിങ്ങളല്ലേ പറഞ്ഞത്‌ എന്തെങ്കിലും അവതരിപ്പിച്ചാല്‍ മതി എന്നൊക്കെ.. ഇങ്ങനെ സംഘാടകരുമായുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്കിടയില്‍ ഒരു ശബ്ദം "ഠേ..." ഞങ്ങളൊന്നു ഞെട്ടി...കാണികളായിരുന്ന ഒരു മൂന്നുനാലു കുടിയന്മാര്‍ കര്‍ട്ടന്‍ വലിക്കുന്നവനെ അടിച്ച ശബ്ദമായിരുന്നു..എന്നിട്ടവനോടൊരൊ ചോദ്യം..."എവിടെടാ ലവന്മാര്‌..." ആ ചോദ്യത്തിന്റെ മാറ്റൊലി നിലയ്ക്കും മുന്‍പേ അനീഷ്‌ ഓടി...പുറകേ ഓരോരുത്തരായി ഞങ്ങളും....കയ്യാലകളേയും, വളര്‍ന്നു നില്‍ക്കുന്ന കപ്പകളേയും ഹര്‍ഡില്‍സുകളാക്കി ഞങ്ങള്‍ ഓടി....
***************************

അന്നത്തെ കമ്മറ്റിക്കാരില്‍ ആരെങ്കിലും ഈ ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ നിങ്ങളോടൊരു ചോദ്യം ഇതാണോ പറഞ്ഞത്‌ 'ബാക്കി പരിപാടി കഴിഞ്ഞ്‌ തരാമെന്ന്'?

പതിനഞ്ചു വര്‍ഷങ്ങള്‍ കൊഴിഞ്ഞു... ഇപ്പോള്‍ അ സ്ഥലം കറുത്തിട്ടാണോ? വെളുത്തിട്ടാണോ? ഞാന്‍ അറിയാന്‍ ശ്രമിച്ചിട്ടില്ല...

14 comments:

Unknown said...

ഞാന്‍ തേങ്ങാ ഉടച്ചേ....

ഇപ്പോഴുമുണ്ടോ മിമിക്രിയൊക്കെ കയ്യില്‍..അതോ ആ സംഭവത്തോടെ വിട പറഞ്ഞോ???

നിമിഷ::Nimisha said...

“അന്നത്തെ കമ്മറ്റിക്കാരില്‍ ആരെങ്കിലും ഈ ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ നിങ്ങളോടൊരു ചോദ്യം ഇതാണോ പറഞ്ഞത്‌ 'ബാക്കി പരിപാടി കഴിഞ്ഞ്‌ തരാമെന്ന്'?“
ഹ ഹ ഹ ഇത് രസായിട്ടുണ്ടല്ലോ.

...പാപ്പരാസി... said...

അത്‌ കലക്കി,
ഇങ്ങനെ സംഘാടകരുമായുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്കിടയില്‍ ഒരു ശബ്ദം "ഠേ..." ഞങ്ങളൊന്നു ഞെട്ടി...കാണികളായിരുന്ന ഒരു മൂന്നുനാലു കുടിയന്മാര്‍ കര്‍ട്ടന്‍ വലിക്കുന്നവനെ അടിച്ച ശബ്ദമായിരുന്നു..എന്നിട്ടവനോടൊരൊ ചോദ്യം..."എവിടെടാ ലവന്മാര്‌..."

രസിച്ചിര്‌ക്കുണു...

ശ്രീ said...

എബി ചേട്ടാ.....

നന്നായി എഴുതിയിരിക്കുന്നു....
എന്തായാലും പ്രിപാടി കഴിഞ്ഞ് കിട്ടാനുള്ളതു കിട്ടിയല്ലോ...

[അല്ല, അതോടെ, പരിപാടി ഉപേക്ഷിച്ചില്ലല്ലോ, അല്ലേ?]

സൂര്യോദയം said...

എബീ... പോസ്റ്റ്‌ നന്നായിട്ടുണ്ട്‌...

എബി said...

മൃദുലേ, ആ പരിപാടിയോടെ മിമിക്രിയുടെ പെട്ടി പൂട്ടിക്കെട്ടി, ഇങ്ങ് ദില്ലിക്കു പോന്നു.

Mr. K# said...

പോസ്റ്റ് നന്നായിട്ടുണ്ട് :-)

Vempally|വെമ്പള്ളി said...

എബീ ഇതു കൊള്ളാല്ലൊ എനിക്കും ഇപ്പൊ ഒരുകാര്യം ഓര്‍മ്മ വരുന്നു ഓര്‍മ്മിക്കാനിഷ്ടമില്ലെങ്കിലും ഓര്‍ക്കട്ടെ. കാളികാവു പള്ളിയില്‍ നാടകം നടക്കുന്നു “ഫിനീക്സ്” ഏതൊ തട്ടിക്കൂട്ട് ക്ലബ്ബുകാര് തട്ടിക്കൂട്ടിയുണ്ടാക്കിയ നാടകം ഒരു ഇടവകക്കാരനെയും അച്ചനെയും സ്വാധീനിച്ച് കൊണ്ടുവന്നു കളിക്കുന്നു. നാടകം കണ്ട് സഹിച്ച് സഹിച്ച് ഒരു പരുവമായി ജനം ഇരിക്കുന്നു കൂവലിന്‍റെ മുകളിലോട്ട് ഡയലൊഗൊട്ടു പൊങ്ങുന്നുമില്ല്ല. അങ്ങനെ നാടകം അവസാനിച്ചു. നന്ദി പറയേണ്ടത് അച്ചനാണ് പക്ഷേ അച്ചന്റ്റെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. അപ്പൊ സ്റ്റേജിനു പുറകി നിന്നിരുന്ന സിവൈയെം സെക്രട്ടറിയായ എന്നൊടു കുറച്ചു പേര്‍ പറഞ്ഞു “നീ നന്ദി പറഞ്ഞാ മതി“ ഞാന്‍ പറഞ്ഞു അതിപ്പോ...അച്ചന്‍... നീ തന്നെ പറഞ്ഞാ മതി. യ്യോ! ഞാന്‍ പറഞ്ഞ് തുടങ്ങുന്നതിനു മുന്‍പ് അവരെന്നെ തള്ളി.

നാടകക്കാര്‍ ഇതൊന്നുമറിയാതെ അനൌണ്‍സ് ചെയ്തു “നന്ദി പ്രകാശിപ്പിക്കുവാനായി വികാരി അച്ചനെ ക്ഷണിക്കുന്നു”

വെപ്രാളം കലക്കിക്കുടിച്ചതുപോലെ മൈക്കിനുമുന്‍പില്‍ നിന്ന എന്നെ നോക്കി ആരോ വിളിച്ചു ചോദിച്ചു “യവനെന്നാ വികാരിയായത്”
പിന്നെ വന്ന കൂവലുകള്‍ എന്‍റെ മൂന്നു തവണയായി പറഞ്ഞ “ഹ്രദയ” “ഹ്രദയംഗമ” “ഹ്രദയത്തില്‍ തട്ടിയുള്ള” നന്ദികളെ ഒലിപ്പിച്ചു കളഞ്ഞു

പിന്നിട് എന്‍റെ സുഹ്രുത്തുക്കളാരോ അത് ഹ്രദയഭേദകമായിരുന്നു എന്ന് അഭിപ്രായപ്പെടുകയുണ്ടായി.

ഇപ്പോഴും അതോര്‍ക്കുമ്പോള്‍ ഒരു കുളിര്‍മ്മ എനിക്കനുഭവപ്പെടാറുണ്ട്.

സാജന്‍| SAJAN said...

എബി, നന്നായി ഇരിക്കുന്നു ഈ മിമിക്രി കഥ .. ഇനിയും ഇത്തരം പോരട്ടേ...:)

ഏറനാടന്‍ said...

ങ്‌ഹേ! ഈ എബിയാണോ ആ മിമിക്രിക്കാരന്‍ എബി? (ആമിനതാത്തായെ പ്രസിദ്ധയാക്കിയ മിമിക്രിടിസ്‌റ്റ്‌ എബി??)

സ്വസ്തമായിട്ടിരുന്ന്‌ വായിച്ചിട്ട്‌ അഭിപ്രായമറിയിക്കാം എബീ..

എബി said...

തെറ്റിദ്ധരിക്കല്ലേ ഏറനാടാ, അത് അബി, ഇത് എബി. പേരെഴുതുന്നത് രണ്ടുപേരും ഒരുപോലെയാണെങ്കിലും വായിക്കുന്നതില്‍ വ്യത്യാസമുണ്ട്...

Prasad S. Nair said...

എനിക്ക്‌ സര്‍ നെയിം ഇല്ല.....ഞാനത് വിശ്വസിച്ചേ.... കഥ അടിപൊളി...

കൊച്ചുകള്ളന്‍ said...

ഇച്ചായാ...
ആ കലാവാസന ഇപ്പോഴും കൈയില്‍ സ്റ്റോക്കുണ്ടെങ്കില്‍ നമ്മുടെ മലയാളത്തിന്‍റെ മുറ്റത്ത് നമുക്ക് ഇനിയും ഒരു മിമിക്രി ഷോ ആകാമായിരുന്നു.
ഇവിടെ പിന്നെ കയ്യാലകളേയും, വളര്‍ന്നു നില്‍ക്കുന്ന കപ്പകളേയും ഹര്‍ഡില്‍സുകളാക്കി ഓടേണ്ട കാര്യം വരുന്നില്ലല്ലോ..
അപ്പോ ഇനിയും പോരട്ടെ, കൂടുതല്‍ സംഭവങ്ങള്‍ കൈയിലുണ്ടെന്നറിയാം, ഓരോന്നോരോന്നായി പൊതി അഴിക്കൂ.... ഇച്ചായന് തന്നെയറിയാം എങ്ങനെ പ്രസന്‍റ് ചെയ്യണം എന്ന്...
അഭിനനനങ്ങള്‍ !!!!!!!!!

സുധി അറയ്ക്കൽ said...

ഹാാായ്‌!!!കൊള്ളാം.അടിപൊളിയെഴുത്ത്‌.