Tuesday 22 May 2007

തോമായുടെ വികൃതികള്‍ - രണ്ട്

ദിവസങ്ങള്‍ പലതു കഴിഞ്ഞു. പഴയ കാര്യങ്ങളൊന്നും ഞങ്ങളും തോമ്മായും മറന്നിട്ടില്ല. ഇടയ്ക്കിടയ്ക്ക് ചാണകത്തില്‍ വെച്ച് പടക്കം പൊട്ടിച്ച കഥ തോമായെ ചൊടിപ്പിക്കാന്‍ ഞങ്ങള്‍ പറഞ്ഞു നോക്കുമെങ്കിലും പാലം കുലുങ്ങിയാല്‍ കേളന്റെ അവസ്ഥ എന്താ.. ദാ അതു തന്നെ ഇവിടെയും...

അങ്ങനെ വീണ്ടുമൊരു ക്രിസ്തുമസ്സ് വന്നു. ഇത്തവണ തോമാ മനസ്സില്‍ വിചാരിച്ചിട്ടുണ്ടാവണം. എന്തെങ്കിലും പുതിയ പരിപാടികള്‍ ആവിഷ്കരിച്ചേ മതിയാകൂ.. പഴയ നാണക്കേട് ഒഴിവാക്കാന്‍ അതല്ലാതെ വേറെ മാര്‍ഗ്ഗങ്ങളില്ല... തോമായുടെ മണ്ടന്‍ ബുദ്ധിയില്‍ പല പല ആശയങ്ങളും ആയിരം വാട്ടിന്റെ ബള്‍ബ് മിന്നുന്നതുപോലെ മിന്നി മറഞ്ഞു. എങ്ങനേയും കഴിഞ്ഞ തവണ ചാണകത്തില്‍ പൂണ്ടുപോയ മാനം ഇപ്രാവശ്യം വീണ്ടെടുക്കണം.. ഒടുവില്‍ ഒരു കള്ളച്ചിരിയോടെ തോമ പറഞ്ഞു...

“ഇപ്രാവശ്യം നോക്കിക്കോ ഒരു സ്പെഷല്‍ ഇഫക്ട് ഉണ്ടാകും..ആരും എന്താണെന്നു മാത്രം ചോദിക്കരുത്”

അങ്ങനെ ഡിസംബര്‍ 24 രാത്രി ഞങ്ങള്‍ പടക്കം പൊട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്... ക്രിസ്തുമസ്സായാല്‍ ഏറ്റവും കൂടുതല്‍ തോമയെ വെറുക്കുനത് അവന്റെ പീറ്ററായിരിക്കും... പീറ്ററിന്റെ കൂടിനടുത്താണ് കലാപരിപാടികളെല്ലാം അരങ്ങേറുന്നത്.. പതിവുപോലെ പല സ്റ്റൈലുകളിലുള്ള പടക്കം പൊട്ടിക്കല്‍ തോമ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു... ഞങ്ങളെല്ലാം ചെറിയ പടക്കങ്ങളെല്ലാം പെട്ടെന്നു തീരണേ എന്ന പ്രാര്‍ത്ഥനയോടെ തോമായുടെ മാസ്റ്റര്‍പീസിനായി അക്ഷമരായി കാത്തു നിന്നു...

ഒടുവില്‍ എല്ലാ പടക്കങ്ങളും തീര്‍ന്ന ശേഷം തോമാ അനൌണ്‍സ് ചെയ്തു.. “ഇതാ നിങ്ങളെല്ലാവരും കാത്തിരുന്ന പാരച്യൂട്ട് പടക്കം...“ ഇതും പറഞ്ഞ മറച്ചു വച്ചിരുന്ന മണ്ണു നിറച്ച ഒരു കോളാക്കുപ്പി എടുത്തു.. ഞങ്ങള്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പേ അതില്‍ എലിവാണം ഉറപ്പിച്ച് തീയും കൊടുത്തിരുന്നു..

തീ കൊടുത്തിട്ട് തിരിഞ്ഞോടിയ തോമയ്ക്ക് കാണാന്‍ കഴിയുന്നതുനു മുന്‍പു തന്നെ എലിവാണം കുപ്പിക്കകത്തിരുന്ന് പൊട്ടി... കോളാക്കുപ്പി ചിതറിത്തെറിച്ചു... തീ കൊടുത്ത ദേഷ്യത്തിലാണോ എന്തോ കുപ്പിയുടെ മൂന്നു നാലു ചില്ലുകള്‍ തോമായുടെ പുറത്തു തറഞ്ഞു കയറി. ചോര പൊടിയുന്ന മുതുകുമായി ഞങ്ങളുടെ വീട്ടിലേക്കോടിക്കയറിയ തോമായെ എനിക്കെങ്ങനെ മറക്കാനാകും...

4 comments:

അനില്‍ശ്രീ... said...

പോരട്ടെ... എല്ലാ വികൃതികളും പോ‍രട്ടെ... വല്ലതും മറന്നു പോയിട്ടുണ്ടെങ്കില്‍ പഴയ കൂട്ടുകാരെ ഒന്ന് വിളിക്കു...എന്നിട്ട് വേഗം വേഗം അപ്‌ഡേറ്റ് ചെയ്യൂ....അല്ല കയ്യിലിരുപ്പ് എല്ലാവരും ഒന്നു അറിയട്ടെ....

നന്നായിരിക്കുന്നു...കൊള്ളാം..

Balu..,..ബാലു said...

ചോര പൊടിയുന്ന മുതുകുമായി ഞങ്ങളുടെ വീട്ടിലേക്കോടിക്കയറിയ തോമായെ എനിക്കെങ്ങനെ മറക്കാനാകും...

എങ്ങനെ മറക്കും?? ആ മുറിപാടുകള്‍ മുതുകില്‍ നിന്നും പോയോ എബിച്ചായാ??

സാധാരണ എല്ലാരും എഴുതാനാണ് തൂലികാനാമം ഉപയോഗിക്കുന്നത്.. ഇവിടെയിതാ എബിച്ചായന്‍ ക്രിസ്മസ് കാലത്ത് പറ്റിയ മണ്ടത്തരങ്ങള്‍ തോമയെന്ന പേരില്‍ എഴുതി നിറയ്‌ക്കുന്നു..

Josymon said...

എബിച്ചായോ,
മണ്ടന്‍ തോമ്മായുടെ വീരചരുതങ്ങള്‍ ഇനിയും പൊട്ടിക്കണം എബിച്ചായോ... ബാലു പറഞ്ഞതു പോലെ ഒന്നു ഓര്‍ക്കേണ്ട് താമസമല്ലേയുള്ളൂ, വാലേല്പിടിച്ചതാണേ, ദെഷ്യപ്പെടല്ലേ...
മലയാളത്തില്‍ നിന്നും ജേക്കബ് ജോര്‍ജ്ജ്

Jem said...

1st one was more entertaining.adichu poli Aliyo..