Tuesday 22 May, 2007

തോമായുടെ വികൃതികള്‍ - ഒന്ന്

മുണ്ടക്കയത്തു നിന്നും പതിനെട്ടു കിലോമീറ്റര്‍ അകലെ ഇടുക്കി ജില്ലയില്‍ അധികമാരും കേട്ടുകാണാന്‍ ഇടയില്ലാത്ത ചെന്നാപ്പാറ എന്ന ഗ്രാമം. ഗ്രാമം എന്നു പറയാന്‍ പറ്റില്ല, പക്ഷേ എന്തു വിളിക്കും ഞാനാ നാടിനെ? ഒന്നൂടെ പറഞ്ഞാല്‍ ട്രാവന്‍‌കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി എന്ന കമ്പനിയുടെ ഏഴായിരം ഏക്കര്‍ റബ്ബര്‍ തോട്ടത്തിലുള്ള ഒരു നാട്. എസ്റ്റേറ്റിലെ കുറച്ച് തൊഴിലാളികളും മറ്റ് ഉദ്യോഗസ്ഥരും താമസിക്കുന്ന അനേകം നാടുകളിലൊന്ന്.

അവിടെ ഞങ്ങളുടെ വീടിനടുത്ത് താമസിക്കുന്ന വണ്ടിക്കുര്യന്‍ എന്ന് ആരും ഉറക്കെ വിളിക്കാത്ത കുര്യന്‍ ചേട്ടന്റെ മകനാണ് തോമ.. ആ നാട്ടിലെ എല്ലാവരുടേയും ഒരു പരീക്ഷണ വസ്തുവാണ് മണ്ടന്‍ തോമ എന്നു ഞങ്ങള്‍ വിളിക്കുന്ന പി.കെ.തോമസ്. എന്നേക്കാള്‍ രണ്ടു വയസ്സിനു മൂപ്പുണ്ട്. എന്തിനും ഏതിനും വീട്ടില്‍ സഹായ ഹസ്തവുമായി തോമയുണ്ട്. എന്തു കാണിച്ചാലും അത് മണ്ടത്തരങ്ങളിലേ അവസാനിക്കൂ, അതാണ് മണ്ടന്‍ തോമ എന്ന് പേരു വരാന്‍ കാരണം...

നാട്ടില്‍ ക്രിസ്തുമസ്സിന് ഏറ്റവും കൂടുതല്‍ ഗര്‍ഭം കലക്കികളും പടക്കങ്ങളും പൊട്ടിക്കുന്നത് എന്റെ വീട്ടിലാണ്. ക്രിസ്തുമസ്സ് വന്നാല്‍പ്പിന്നെ എനിക്ക് തോമയോട് അസൂയയാണ്. എനിക്ക് ചുവന്ന കടലാസൊട്ടിച്ച ബീഡിപ്പടക്കം മാത്രം തന്നിട്ട് എന്റെ പിതാശ്രീ വലിയ പടക്കങ്ങളെല്ലാം പൊട്ടിക്കാന്‍ തോമായ്ക്കു കൊടുക്കും. പിന്നീട് വലുതായപ്പോഴാണ് മനസ്സിലായത് ഞങ്ങളുടെ സുരക്ഷയെ മാനിച്ചാണ് പിതാശ്രീ പടക്കങ്ങളെല്ലാം തോമ്മായുടെ കൈയ്യില്‍ കൊടുത്തിരുന്നതെന്ന്. ആ പടക്കങ്ങളെല്ലാം കാണുമ്പോള്‍ തോമായുടെ അഹങ്കാരമൊന്നു കാണേണ്ടതാണ്. ഞങ്ങളോടു പറയും പിള്ളേരൊക്കെ അകത്തു പോ, ജനലില്‍ കൂടി നോക്കിക്കണ്ടാല്‍ മതി, പടക്കമൊക്കെ പൊട്ടിച്ചു കഴിയുമ്പോള്‍ കമ്പിത്തിരി കത്തിക്കാന്‍ വിളിക്കാം എന്നൊക്കെ..

ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തോമാ പടക്കങ്ങള്‍ പല രീതിയിലും, പല സ്റ്റൈലിലും പൊട്ടിക്കാറുണ്ട്. പടക്കം കത്തിച്ച് ആകാശത്തേയ്കെറിഞ്ഞും, കൈയ്യില്‍ പിടിച്ചും, പട്ടിക്കൂടിനു കീഴിലിട്ടും മറ്റും. പട്ടിക്കൂടിനു കീഴില്‍ക്കിടന്ന് പടക്കം പൊട്ടുമ്പോള്‍ പീറ്റര്‍ എന്ന തോമയുടെ സ്വന്തം പട്ടി തുടലുപൊട്ടിക്കാന്‍ പെടുന്ന പാടും, നിന്ന നില്‍പ്പില്‍ മൂത്രമൊഴിക്കുന്നതും കാണുമ്പോള്‍ തോമായ്ക്കു ലഹരിയാണ്.

അങ്ങനെ ഒരിക്കല്‍ ഒരു സ്തുമസ്സിന് ഞങ്ങളെയെല്ലാവരേയും വിളിച്ചു നിര്‍ത്തി തോമാ പ്രഖ്യാപിച്ചു.
“ഇന്ന് നിങ്ങളുടെ സ്വന്തം തോമാ പുതിയ രീതിയില്‍ പടക്കം പൊട്ടിക്കാന്‍ പോകുന്നു. എല്ലാവരും ജനാലയിലൂടെ മാത്രം നോക്കുക."

ഞങ്ങള്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കുമ്പോള്‍ തോമ പശുത്തൊഴുത്തിലേക്ക് പോയി വലിയൊരു സിമന്റ് ചട്ടിയില്‍ നിറയെ പച്ചച്ചാണകവുമായി തിരിച്ചു വന്നു. ആദ്യം ഗര്‍ഭം കലക്കി നിലത്തു വച്ചു.. അതിന്റെ തിരി വെളിയിലേക്കിട്ട് ചാണകം കൊണ്ട് മൂടി.. തിരി കത്തിച്ചിട്ടോടിയ തോമയുടെ മനസ്സില്‍ തോന്നിയ ഒരു ബുദ്ധി, അല്ലാ, അതിബുദ്ധി എന്നു തന്നെ പറയണം. പട്ടിക്കൂടിനടുത്തു കിടന്ന മണ്‍കുടം എടുത്ത് ചാണകം മൂടിയ ഗര്‍ഭം കലക്കിയുടെ മുകളില്‍ വെയ്ക്കാന്‍ അടുത്തു ചെന്നതും അതു പൊട്ടി...

ഒരു നിമിഷം ഞങ്ങള്‍ക്ക് തോമായേയും തോമായ്ക്ക് ഞങ്ങളേയും തിരിച്ചറിയാന്‍ പറ്റിയില്ല... മുഖം മുതല്‍ പാദം വരെ ചാണകം കൊണ്ടു മൂടിയ തോമയെ ഇന്നും ഒരു ക്രിസ്തുമസ്സിനു പോലും ഞാന്‍ ഓര്‍ക്കാതിരിക്കില്ല, കൂട്ടത്തില്‍ ഞാനറിയാതെ ഒരു ചിരിയും എന്റെ ചുണ്ടുകളിലേക്കോടിയെത്തും...

4 comments:

SUNISH THOMAS said...

ആ തോമയാണോ പിന്നീട് ആടുതോമയായത്...? കഥ കലക്കി മുണ്ടക്കയംകാരാ...

Areekkodan | അരീക്കോടന്‍ said...

കഥ കലക്കി

Unknown said...

കലക്കി എബിച്ചായാ കലക്കി...പാവം തോമാ ഇതുവല്ലതും അറിയുന്നുണ്ടൊ????

Unknown said...

എബിച്ചായോ..കലക്കിയിട്ടുണ്ട് കേട്ടോ..നല്ല അവതരണം.