Tuesday 17 July, 2007

ചിക്കന്‍ ഗുനിയയെക്കുറിച്ചൊരു വാക്ക്...

കൊതുകിലൂടെ പകരുന്ന വൈറല്‍ പനിയാണ് ചിക്കന്‍ ഗുനിയ. ഈഡിസ് ഈജിപ്റ്റി എന്ന കൊതുകിലൂടെയാണ് രോഗം പകരുന്നത്. ദക്ഷിണാഫ്രിക്ക, ദക്ഷിണ-കിഴക്കന്‍ ഏഷ്യ, ദക്ഷിണേന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ സാധാരണ മഴക്കാലത്ത് കണ്ടുവരുന്ന ഈ പകര്‍ച്ചപ്പനി മറ്റു ചില കൊതുകുകളിലൂടെയും പകരാറുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

സാഹിലി ഭാഷയില്‍ നിന്നാണ് ചിക്കന്‍ ഗുനിയ എന്ന പേരു വന്നത്. രോഗിയുടെ അവസ്ഥയെ സൂചിപ്പിക്കുന്ന തരത്തില്‍ കുനിഞ്ഞു നടക്കുന്നതിനാണ് ഇങ്ങനെ പറയുന്നത്.

ചിക്കന്‍ ഗുനിയ മരണ കാരണമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം, ദക്ഷിണാഫ്രിക്കയില്‍ 2005-ല്‍ ഈ രോഗം മൂലം 200-ഓളം പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വിസ്മരിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം കേരളം, തമിഴ്നാട് , കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 300-ഓളം പേരുടെ മരണകാ‍രണം ചിക്കന്‍ ഗുനിയ ആണെന്നാണ് പറയപ്പെടുന്നത്.

കൊതുകു കടിച്ച് നാലുമുതല്‍ ഏഴു ദിവസങ്ങള്‍ക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. കടുത്ത പനിയും തലവേദനയുമായി തുടങ്ങുന്നു. കൈ, കാല്‍മുട്ടുകളിലെ വേദന ആഴ്ചകളോളം അനുഭവപ്പെടും. നീരുവെച്ച ഭാഗങ്ങളില്‍ തൊടാന്‍ പോലും ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥ ഉണ്ടാകും. മൂന്നു മുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഭേദമാകും. പക്ഷേ, വേദനകള്‍ മാസങ്ങളോളം രോഗിയുടെ കൂടെ ഉണ്ടാവും. ഗര്‍ഭിണികള്‍, പ്രായം ചെന്നവര്‍, മറ്റുരോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പിടിപെട്ടാല്‍ പ്രശ്നം കൂടുതല്‍ വഷളാകും. കുട്ടികളില്‍ ഞരമ്പ് സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.

ചിക്കന്‍ ഗുനിയയ്ക്ക് പ്രത്യേകിച്ച് മരുന്നുകളൊന്നും ഇല്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ചാക്കുകണക്കിനാണ് മെഫ്താല്‍ ഫോര്‍ട്ട് എന്ന മരുന്ന് നല്‍കി വരുന്നത്. ഈ മരുന്നില്‍ മിസാനമിക് ആസിഡും പാരസെറ്റമോളും ചേര്‍ന്ന മിശ്രിതമാണ്. ലോകാരോഗ്യ സംഘടന അപകടകരമായ മിശ്രിതം എന്നാണിതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ഈ മരുന്നുകള്‍ കഴിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു... ചിലപ്പോള്‍ ഈ മരുന്നുകളുടെ പാര്‍ശ്വഭലങ്ങളാവാം തക്കാളിപ്പനി പോലുള്ള രോഗങ്ങള്‍...

ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പടരില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ആരോഗ്യകാര്യങ്ങളില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമായിരുന്ന കേരളത്തിന്റെ സ്ഥാനം ഓര്‍ത്ത് നമുക്കിന്ന് വിലപിക്കാനേ കഴിയൂ..ഇന്ത്യയിലെതന്നെ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കി പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോയപ്പോള്‍ കേരളം മൂടുപടമണിഞ്ഞ് പുതിയ വസ്ത്രങ്ങളണിഞ്ഞ് മാലിന്യക്കൂമ്പാരത്തിലൂടെ നടന്നു.. ശുചിത്വ ബോധം തീരെയില്ലാത്തവരായി മാറി നമ്മള്‍ മലയാളികള്‍.. സ്വന്തം വീട്ടില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൊതുവഴികളിലൊക്കെ നിക്ഷേപിക്കാതെ അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണെങ്കില്‍ ഇതുപോലുള്ള വിപത്തുകള്‍ ഒരു പരിധിവരെ നമുക്ക് തടഞ്ഞു നിര്‍ത്താനാവും.