Friday 16 March, 2007

ഒരിക്കലും മരിക്കാത്ത ഭൂമി....

കിളിമകളെ കിളിമകളെ
കഥ പാടാന്‍ വരുമോ നീ
നിശയാം വസ്ത്രം ധരിച്ചു
നില്‍ക്കും ഭാരതാംബതന്‍ മടിത്തട്ടിതില്‍
ദേശാടനക്കിളികളേ പാടുവിന്‍ നിങ്ങളീ
ദേശത്തില്‍ അഭിമാന പാത്രങ്ങളാകുവിന്‍

സര്‍വ്വം സഹയാം ഭൂമീദേവീ
സര്‍വ്വവും വാണിടും നിന്നിലല്ലോ തായേ
അതിലൊരംശമാം ഭാരതാംബേ
നിന്‍ മണ്ണില്‍ത്തന്നെ പിറന്നു
വീണ ഞങ്ങളെത്രയോ ഭാഗ്യവാന്മാര്‍

അര്‍ഹതയില്ലായെങ്കിലും
മാപ്പിരക്കുന്നൂ തായേ നിന്നോടു
മനുഷ്യരാം ഞങ്ങളേവരും
മനുഷ്യാ നിനക്കൊരിക്കലും
മായ്‌ചു കളയാനാവുകില്ല
ഭൂമീദേവിയോടു ചെയ്ത
പാതകങ്ങളൊരിക്കലും..
കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ
പരാക്രമം കാട്ടുന്നു നിന്നോടു ഞങ്ങള്‍ - മനുഷ്യര്‍
ഒരിക്കലും മരിക്കാത്ത ഭൂമീ നിനക്കൊരു
ചരമഗീതമെഴുതി നിന്‍ മണ്ണില്‍
വലിയവനാകുന്നു മനുഷ്യന്‍

ഇനിയുമെനിക്കൊരു ജന്മ-
മുണ്ടാമെങ്കിലതു നിന്‍
മടിത്തട്ടിലായിരിക്കേണമെന്നു
മാത്രം ആഗ്രഹിക്കുന്നു ഞാന്‍....

(3.10.93-ല്‍ എഴുതിയതാണീ കവിത...ബലാരിഷ്ടതകള്‍ ഉണ്ടാകാം....)

എലിയും പൂച്ചയും...

കുമാരേട്ടന്‍ റേഷന്‍കട തുറന്നു. പതിവുപോലെ ചില അപശബ്‌ദങ്ങളുമായി ഒരുകൂട്ടം എലികള്‍ അതിലേയും ഇതിലേയും ഓടി....അതുകണ്ടപ്പോള്‍ അവറ്റകളെല്ലാം കൂടി തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലേ കുമാരേട്ടനു തോന്നി. അവയുടെ ശബ്ദം ഈ ഭൂമുഖത്ത്‌ ഏറ്റവും വെറുക്കുന്നത്‌ ഒരുപക്ഷേ കുമാരേട്ടനാവാം.

ഇന്നെന്തായാലും പാക്കരന്റെ വീട്ടില്‍നിന്ന് ഒരു പൂച്ചയെ കൊണ്ടുവന്നിട്ടു തന്നെ കാര്യം മനസ്സിലോര്‍ത്തു. ഉടന്‍ തന്നെ കടപൂട്ടി പാക്കരന്റെ വീട്ടില്‍ ചെന്ന് വെളുപ്പും കറുപ്പും നിറമുള്ള ഒരു പൂച്ചക്കുട്ടിയെ കൊണ്ടു വരുമ്പോള്‍ കുമാരേട്ടന്‍ മനസ്സിലോര്‍ത്തു ഇനിയെങ്കിലും എനിക്കൊരു സ്വസ്ഥതയുണ്ടാകുമല്ലോ... എലികളോടുള്ള ദേഷ്യമാവാം വഴിമധ്യേ കാറിത്തുപ്പുകയും, പല്ലുകടിക്കുകയും, ഇടയ്ക്കിടയ്ക്‌ പൂച്ചയെ ഉമ്മവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.

കുമാരേട്ടന്‍ കടയിലുള്ളപ്പോഴെല്ലാം ചിമ്മൂ... എന്ന ഒറ്റവിളിയില്‍ പൂച്ചക്കുട്ടി ഹാജര്‍...അങ്ങനെ അമിത സ്നേഹപരിലാളനയില്‍ ചിമ്മു കടയിലേ രാജ്ഞിയായി...

എലികളുടെ ശല്യം കുറഞ്ഞു തുടങ്ങി...ദിവസങ്ങള്‍ പലതു കടന്നുപോയി... ചിമ്മുവിനിത്തിരി ക്ഷീണമൊക്കെയായിത്തുടങ്ങി... കുമാരേട്ടനു കാര്യം മനസ്സിലായി. എലികളില്ലാത്ത ഒരു കടയെപ്പറ്റിയോര്‍ത്തപ്പോള്‍ മനസ്സ്‌ സന്തോഷംകൊണ്ട്‌ തുള്ളിച്ചാടി...

അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം വന്നു, ചിമ്മു ഒരമ്മയായി...

കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടപ്പോള്‍ അരിച്ചാക്കുകളുടെ പുറകിലായി ചിമ്മു കിടക്കുന്ന സ്ഥലത്തേക്കോടിച്ചെന്നു നോക്കിയ കുമാരേട്ടന്‍ കരയണോ ചിരിക്കണോ എന്നോര്‍ത്ത്‌ ഒരു നിമിഷം ശങ്കിച്ചു നിന്നു.......

ആ പൂച്ചക്കുഞ്ഞുങ്ങള്‍ക്ക്‌ എലിയുടെ മുഖമായിരുന്നു....

Thursday 15 March, 2007

ദംശനം

തുളസ്സിക്കതിര്‍ ചൂടി തൂമന്ദഹാസവും
തൂമഞ്ഞിന്‍ വെണ്മയെഴുന്നൊരു ചേലയും
ശ്രീകോവില്‍ വാതില്ലക്കലെന്തേ നില്‍ക്കുന്നു
ശ്രീമാന്‍ കണ്ണുകള്‍ തുറക്കുന്നില്ലയോ
ഏകാകിയായി നില്‍ക്കുന്ന നിന്നില്‍
ഏകാഗ്രമായിരുന്നുവോ മാനസം
ശ്രീകോവില്‍ വലംവെച്ചഞ്ജലീ
ബദ്ധയായ് നില്‍ക്കുന്ന നിന്നുടെ മനസ്സിലെന്ത്
പൊയ്പ്പോയ നാളിലെ പൂക്കളങ്ങളോ
വന്നെത്തും നാളിലെ മഴവില്ലോ

ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന വേളയില്‍
ദംശനമേറ്റതുപോലൊരു പക്ഷി ചിലച്ചു
കളിയാക്കലല്ലിത്‌ കളിവാക്കല്ലിത്
എന്തോ കാര്യമായ് ചൊല്ലിയതത്രേ
ഒരു നിമിഷം മാത്രമുയര്‍ന്ന നിന്‍ കണ്‍കളില്‍
ഒരിത്തിരി വെട്ടം അരിച്ചിറങ്ങിയോ
ഒരു നിമിഷമെങ്കിലുമാ വെട്ടത്തു നിന്നു നീ
ഓടി മറഞ്ഞതെന്തേ...

വീണ്ടുമാ പക്ഷി ചിലച്ചതെന്തിനോ
വികൃതിപ്പയ്യന്റെ കൈയ്യില്‍‍നിന്നും
പാഞ്ഞൊരാ കല്ലതിന്‍ ജീവനെടുത്തു
വെറുതേ കരയുവതെന്തേ നീ??
വേറൊരു പക്ഷി നാളെയും വരും
തൊഴുതുമടങ്ങുമ്പോള്‍ ചിലയ്ക്കുവാനായ്...